ഒറ്റ നോട്ടത്തില്‍
പൊതുവിവരങ്ങൾ (Census 2011)
| വിവരണം (Details) | അളവ് (Value) |
|---|---|
| ജില്ല (District) | കോഴിക്കോട് |
| ബ്ലോക്ക് (Block) | കൊടുവള്ളി |
| വിസ്തീർണ്ണം (Area) | 25.46 ച.കി.മീ |
| വാർഡുകളുടെ എണ്ണം (No. of Wards) | 19 |
| ജനസംഖ്യ (Total Population) | 37,252 |
| പുരുഷന്മാർ (Males) | 18,752 |
| സ്ത്രീകൾ (Females) | 18,500 |
| ജനസാന്ദ്രത (Population Density) | 998 |
| സ്ത്രീ : പുരുഷ അനുപാതം (Sex Ratio) | 1032 |
| മൊത്തം സാക്ഷരത (Total Literacy) | 88.05% |
| സാക്ഷരത (പുരുഷന്മാർ) (Male Literacy) | 93.62% |
| സാക്ഷരത (സ്ത്രീകൾ) (Female Literacy) | 82.76% |
കോഴിക്കോട് ജില്ലയിലെ, കോഴിക്കോട് താലൂക്കില്‍, കൊടുവള്ളി ബ്ളോക്കിലാണ് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പുത്തൂര്‍, രാരോത്ത്, കൂടത്തായ്, നീലേശ്വരം എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന ഓമശ്ശേരി ഗ്രാമപഞ്ചായത്തിനു 25.46 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് കട്ടിപ്പാറ, കോടഞ്ചരി പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് കോടഞ്ചരി, മുക്കം പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചാത്തമംഗലം, മുക്കം പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കട്ടിപ്പാറ, കൊടുവള്ളി പഞ്ചായത്തുകളുമാണ്. പഞ്ചായത്തിന്റെ വടക്കുദിശയിലാണ്, പശ്ചിമഘട്ട പര്‍വ്വതനിരകളില്‍ ഉള്‍പ്പെടുന്ന വയനാടന്‍ ചുരം സ്ഥിതി ചെയ്യുന്നത്. വയനാടന്‍ ചുരത്തില്‍ നിന്നും ഉത്ഭവിച്ച്, പുതുപ്പാടി, കോടഞ്ചരി പഞ്ചായത്തുകളിലൂടെ ഒഴുകിയെത്തി, കട്ടിപ്പാറ, കൊടുവള്ളി പഞ്ചായത്തുകളെ ഈ പഞ്ചായത്തില്‍ നിന്നും വേര്‍തിരിച്ചുകൊണ്ട്, വടക്കു പടിഞ്ഞാറേയതിരിലൂടെ ഇരുതുള്ളിപ്പുഴ കടന്നുപോകുന്നു. ഭൂപ്രകൃതിയനുസരിച്ച് ഓമശ്ശേരി പഞ്ചായത്തിനെ കുത്തനെ ചെരിവുകളുള്ള കുന്നുകള്‍, ചെറുചെരിവുകളോടുകൂടിയ സമതലം, താഴ്വാരങ്ങള്‍ എന്നിങ്ങനെ മൂന്നായി തരം തിരിക്കാവുന്നതാണ്. കുത്തനെ ചെരിവുകളുള്ള കുന്നുപ്രദേശങ്ങളില്‍ ചെമ്മണ്ണും, കറുത്തമണ്ണും ഇടകലര്‍ന്നു കാണാം. ചെറുചെരിവുകളോടു കൂടിയ സമതലപ്രദേശങ്ങളില്‍ ചെങ്കല്‍മണ്ണും ചരല്‍മണ്ണുമാണ്. ഇത് പൊതുവില്‍ ജലാഗിരണശേഷി കുറവുള്ള മണ്‍തരങ്ങളില്‍പ്പെട്ടതാണ്. നെല്‍വയലുകള്‍ ഉള്‍പ്പെടുന്ന താഴ്വരപ്രദേശങ്ങളില്‍ പ്രധാനമായും കളിമണ്ണും, ചെറിയ തോതില്‍ മണല്‍മണ്ണും കാണാവുന്നതാണ്. 1971-ലാണ് ഓമശ്ശേരി പഞ്ചായത്ത് രൂപംകൊണ്ടത്. ഒന്‍പതാം ശതകത്തില്‍ പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്ന ചോക്കൂര്‍ ക്ഷേത്രവും ഭാഷാപണ്ഡിതന്മാരുടെ വിശകലന വൈഭവത്തിനു മുമ്പില്‍ വഴങ്ങിക്കൊടുക്കാത്ത ചോക്കൂര്‍ ശാസനവുമാണ് ഈ പ്രദേശത്തിന്റെ ചരിത്രപൈതൃകത്തിനു തെളിവായി എടുത്തുകാണിക്കാനാവുന്നത്. ഈ ക്ഷേത്രത്തോടനുബന്ധിച്ച് ഗണികസമ്പ്രദായം നിലനിന്നിരുന്നുവത്രെ. കോട്ടയം നാട്ടുരാജ്യത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. പടയോട്ടകാലത്ത് ടിപ്പുവിന്റെ സൈന്യം ഈ ഗ്രാമത്തിലെ പാതകള്‍ ഉപയോഗിച്ചതായി ചരിത്രസൂചനകളുണ്ട്. ടിപ്പുവിന്റെ പട്ടാളക്കാരുടെ യാത്ര സുഗമമാക്കുന്നതിനു പണിതതെന്ന് പറയപ്പെടുന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ കൂടത്തായി പുഴയില്‍ ഇന്നും കാണപ്പെടുന്നുണ്ട്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കോഴിക്കോട് താലൂക്കിലെ ഒന്‍പതു ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമായിരുന്നു ഓമശ്ശേരി ഗ്രാമം.