ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യസാംസ്കാരികചരിത്രം
ഒന്‍പതാം ശതകത്തില്‍ പണികഴിപ്പിച്ചതെന്ന് പറയപ്പെടുന്ന ചോക്കൂര് ക്ഷേത്രവും ഭാഷാപണ്ഡിതന്മാരുടെ വിശകലന വൈഭവത്തിനു മുമ്പില്‍ വഴങ്ങിക്കൊടുക്കാത്ത ചോക്കൂര് ശാസനവുമാണ് ഈ പ്രദേശത്തിന്റെ ചരിത്രപൈതൃകത്തിനു തെളിവായി എടുത്തുകാണിക്കാനാവുന്നത്. ഈ ക്ഷേത്രത്തോടനുബന്ധിച്ച് ഗണികസമ്പ്രദായം നിലനിന്നിരുന്നുവത്രെ. കോട്ടയം നാട്ടുരാജ്യത്തിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. പടയോട്ടകാലത്ത് ടിപ്പുവിന്റെ സൈന്യം ഈ ഗ്രാമത്തിലെ പാതകള്‍ ഉപയോഗിച്ചതായി ചരിത്രസൂചനകളുണ്ട്. ടിപ്പുവിന്റെ പട്ടാളക്കാരുടെ യാത്ര സുഗമമാക്കുന്നതിനു പണിതതെന്ന് പറയപ്പെടുന്ന പാലത്തിന്റെ അവശിഷ്ടങ്ങള്‍ കൂടത്തായി പുഴയില്‍ ഇന്നും കാണപ്പെടുന്നുണ്ട്. പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കോഴിക്കോട് താലൂക്കിലെ ഒന്‍പതു ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശമായിരുന്നു ഓമശ്ശേരി ഗ്രാമം. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളെ ഒരുമിപ്പിച്ച്, നാടിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിന്റെ ഭാഗമാക്കാന്‍ സാധിച്ച ശക്തമായ നേതൃത്വമോ, പ്രസ്ഥാനങ്ങളോ ഈ പ്രദേശത്ത് ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്ന പഴയ ജന്മി-കുടിയാന് വ്യവസ്ഥിതിയിലെ ദുരിതങ്ങള്‍ സഹിച്ച് പുറംലോകത്തു നടക്കുന്നതൊന്നുമറിയാതെ തങ്ങളുടെ ലോകത്ത് ഒതുങ്ങിക്കൂടാന്‍ ഇവിടുത്തെ ഗ്രാമവാസികള്‍ വിധിക്കപ്പെട്ടു. ദേശീയ സ്വാതന്ത്ര്യസമരത്തില്‍ ഒറ്റപ്പെട്ട പങ്കാളിത്തം ഇവിടെയും ഉണ്ടായിട്ടുണ്ട്. മലബാര്‍ ലഹളയുമായി ബന്ധപ്പെട്ട്, ബ്രിട്ടീഷ് പട്ടാളത്തിന്റെ തേര്‍വാഴ്ച ഇവിടെയും അരങ്ങേറിയപ്പോള്‍ വാരിക്കുന്തവുമായി യാതൊരു നേതൃത്വവുമില്ലാതെ സമരത്തിനിറങ്ങിയ ഗ്രാമീണരില്‍ പലരും ബ്രിട്ടീഷ് തോക്കുകള്‍ക്കു മുന്പില് ഇവിടെയും മരിച്ചുവീഴുകയുണ്ടായി. അറസ്റ്റ്റു ചെയ്യപ്പെട്ടവരാകട്ടെ, ആന്റമാന്, വെല്ലൂര്‍ എന്നിവിടങ്ങളിലെ ജയിലുകളില്‍ തടവിലാക്കപ്പെടുകയും, ക്രൂരമായി മര്‍ദ്ദനങ്ങളേറ്റുവാങ്ങി കൊല്ലപ്പെടുകയുമുണ്ടായി. ജാതീയതയും, ജന്മിത്വവും കൊടികുത്തിവാണിരുന്ന ഈ പഞ്ചായത്തില്‍ അതിനെതിരെ ശക്തമായ സമരങ്ങള്‍ ഒന്നും തന്ന നടന്നിരുന്നില്ല. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മോചനത്തിനാകട്ടെ, ഭൂപരിഷ്ക്കരണം വരെ കാത്തിരിക്കേണ്ടി വന്നു. ജന്മിമാരുടെ കൈവശത്തിലിരുന്ന ഭൂമി, ഭൂപരിഷ്കരണത്തോടെയാണ് അടിസ്ഥാനവര്ഗ്ഗങ്ങള്ക്ക് ലഭിച്ചത്. എന്നാല്‍ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഏക്കറുകളോളം റബ്ബര്‍ എസ്റ്റേറ്റുകള്‍ പഞ്ചായത്തില്‍ ഇന്നുമുണ്ട്. 1922-മുതലാണ് ഓമശ്ശേരിയില്‍ ഔപചാരിക വിദ്യാഭ്യാസരംഗത്തിനു തുടക്കം കുറിച്ചത്. ഇന്നത്തെ പുത്തൂര്‍ ഗവണ്മെന്റ് യു.പി.സ്ക്കൂളാണ് പഞ്ചായത്തില്‍ സ്ഥാപിതമായ ആദ്യ വിദ്യാലയം. അതിനു മുമ്പുതന്ന ആശാന് പള്ളിക്കൂടങ്ങളും, കുടിപ്പള്ളിക്കൂടങ്ങളും അനൌപചാരിക വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 1924-ല്‍ വെളിമണ്ണയിലും തുടര്‍ന്നുള്ള കാലങ്ങളില്‍ കൊടിയത്തൂര്‍, കൂടത്തായ്, ഓമശ്ശേരി എന്നിവിടങ്ങളിലും എല്‍.പി.സ്ക്കൂളുകള്‍ സ്ഥാപിക്കപ്പെട്ടതോടെ പ്രാഥമികവിദ്യാഭ്യാസം പഞ്ചായത്തിന്റെ ഇതരഭാഗങ്ങളിലേക്കും വ്യാപിച്ചു. 1930-നു മുമ്പുതന്ന പഞ്ചായത്തില്‍ അഞ്ചു എല്‍.പി.സ്ക്കൂളുകള്‍ ആരംഭിച്ചിരുന്നു. 1966-ലാണ് ആദ്യ ഹൈസ്ക്കൂളായ സെന്റ് മേരീസ് സ്ക്കൂള് സ്ഥാപിക്കപ്പെട്ടത്. 1972-ല്‍ ഓമശ്ശേരിയില്‍ സ്ഥാപിക്കപ്പെട്ട സഹകരണ ആശുപത്രിയാണ് പഞ്ചായത്തിലെ ആദ്യ ആധുനിക ചികിത്സാകേന്ദ്രം. അതിനു മുമ്പ് ഒറ്റപ്പെട്ട ചില ക്ളിനിക്കുകള്‍ ഇവിടെ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. 1950-കള്‍ക്കു മുന്‍പാകട്ടെ, പാരമ്പര്യവൈദ്യന്മാരേയും, മന്ത്രവാദത്തെയും ആശ്രയിച്ചുള്ള ചികിത്സാമുറകളായിരുന്നു നിലവിലിരുന്നത്. 1960 കാലഘട്ടം വരെ ഗതാഗതമേഖലയില്‍ ഇവിടെ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 1960-നുശേഷം ദ്രുതഗതിയിലുള്ള മാറ്റമാണ് ഈ രംഗത്തുണ്ടായത്. കാളവണ്ടികളെ ആശ്രയിച്ച് ഗതാഗതം നടന്നിരുന്ന അവസ്ഥയില്‍ നിന്നും, 1962-ല്‍ എക്സ് സര്‍വ്വീസ് മെന്‍ ആദ്യത്തെ ബസ് ഓടിച്ചുതുടങ്ങിയതു മുതല്‍ ഗതാഗതമേഖലയില്‍ പടിപടിയായുള്ള പുരോഗതി ഉണ്ടായിത്തുടങ്ങി. ഓമശ്ശേരിയുമായി ബന്ധിപ്പിച്ചുകൊണ്ട്, നാടിന്റെ നാനാഭാഗത്തേക്കും ബസ് ഗതാഗതം ഇന്ന് നിലവിലുണ്ട്. വ്യാവസായികമായി വളരെ പിന്നാക്കം നില്ക്കുന്ന പ്രദേശമാണ് ഈ പഞ്ചായത്ത്. തിരുവിതാംകൂറില്‍ നിന്നും മലബാറിന്റെ വിവിധ പ്രദേശങ്ങളിലെത്തിച്ചേര്ന്ന, കുടിയേറ്റ ജനത 1940-കളില്‍ ഈ കുഗ്രാമത്തിലേക്കും കടന്നുവന്നു. തിരുവിതാംകൂറിലേതുപോലെയുള്ള വിദ്യാഭ്യാസ സാംസ്ക്കാരിക നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഈ പ്രദേശത്തെ വെളിച്ചത്തിലേക്ക് നയിക്കുന്നതിനും, ക്രിസ്തീയ കുടിയേറ്റക്കാര്‍ മലയോരമേഖലകളില്‍ ചെയ്ത സേവനം സ്തുത്യര്‍ഹമാണ്. ഇതിന്റെ ഭാഗമായി 1946-ല്‍ ജോസഫ് മുന്താരിയച്ചന്റെ നേതൃത്വത്തില്‍ കൂടത്തായിയില്‍ ഒരു എല്‍.പി.സ്ക്കൂള് സ്ഥാപിച്ചു. ഇങ്ങനെ സ്വാതന്ത്ര്യപൂര്‍വ്വകാലത്ത് ഔപചാരിക വിദ്യാഭ്യാസ മേഖലയിലുണ്ടാക്കിയ നേട്ടം സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലുണ്ടായില്ല എന്നതാണ് വസ്തുത.
ഗതാഗതചരിത്രം
1950-കളുടെ പകുതി വരെ ഗതാഗതത്തിന്റെ കാര്യത്തില്‍ ഒരു പുരോഗതിയും ഇല്ലായിരുന്നു എന്ന് കാണാന്‍ കഴിയും. മലകളാല്‍ വലയം ചെയ്യപ്പെട്ട ഈ പ്രദേശത്തെ നിവാസികള്‍ യാത്രയ്ക്ക് ഊടുവഴികളെയായിരുന്നു ആശ്രയിച്ചിരുന്നത്. വനനിബിഡമായ പ്രദേശങ്ങളിലൂടെ കുണ്ടും കുഴിയും നിറഞ്ഞ വഴികള്‍ താണ്ടി മനുഷ്യന് നിത്യോപയോഗ സാധനങ്ങള്‍ക്കു ബഹുദൂരം നടന്നുപോകേണ്ട അവസ്ഥയായിരുന്നു അന്നുണ്ടായിരുന്നത്. വര്‍ഷങ്ങള്‍ കടന്നുപോയപ്പോള്‍ ഓമശ്ശേരിയിലും റോഡുകള്‍ ഉണ്ടാവാന്‍ തുടങ്ങി. അന്ന് കാര്ഷികോല്പന്നങ്ങള് മാര്‍ക്കറ്റില്‍ എത്തിക്കുന്നതിന്, ആളുകളുടെ ഏക ആശ്രയം ഏതാനും കാളവണ്ടികളുടെ സേവനം മാത്രമായിരുന്നു. അഗസ്ത്യന്മുഴി-ഓമശ്ശേരി-തിരുവമ്പാടി, അഗസ്ത്യന്മുഴി-താമരശ്ശേരി എന്നീ മണ്റോഡുകള് മാത്രമായിരുന്നു അക്കാലത്തുണ്ടായിരുന്നത്. വാളന്നൂര്‍ എസ്റ്റേറ്റ് ഉടമസ്ഥനും, കല്ലടഡാമിന്റെ നിര്‍മ്മാതാവുമായ ചാക്കോപ്പിള്ള എന്ന വ്യവസായ പ്രമുഖന്റെ ഓമശ്ശേരി വഴിയുള്ള യാത്രയാണ്, അഗസ്ത്യന്മുഴി-ഓമശ്ശേരി-തിരുവമ്പാടി റോഡിന്റെ ടാറിംഗിനു വഴിതെളിയിച്ചത്. യാത്രാമധ്യേ റോഡിന്റെ ശോചനീയാവസ്ഥ കാരണം, ഓമശ്ശേരിയില്‍ വച്ചു വാഹനത്തിനു കേടുപാടുണ്ടായതിനെ തുടര്‍ന്ന് മികച്ച റോഡുണ്ടാവേണ്ടതിന്റെ ആവശ്യകത മനസിലാക്കുകയും, അദ്ദേഹം പ്രത്യേകം താല്പര്യമെടുത്തുകൊണ്ട്, അധികാരസ്ഥാനങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തതോടെ പ്രസ്തുത റോഡിന്റെ വികസനം സാക്ഷാത്കരിക്കപ്പെട്ടു. ഓമശ്ശേരിയിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനായ ജനാബ് ഇ.കെ.ഉണ്ണിമോയി സാഹിബിന്റെ നിദാന്തപരിശ്രമം കൂടിയായപ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ നിന്ന് തന്നെ ചാക്കോപിള്ളയെ കോണ്ട്രാക്ടര് ആക്കിക്കൊണ്ട് ഈ റോഡ് ടാര്‍ ചെയ്യുകയായിരുന്നു. 1971-ല്‍ ഓമശ്ശേരി പഞ്ചായത്ത് രൂപം കൊണ്ട ഘട്ടത്തില്‍ ഗതാഗതത്തിന്റെ കാര്യത്തില്‍ വേണ്ടത്ര സൌകര്യങ്ങളുണ്ടായിരുന്നില്ല. ഓമശ്ശേരി-കൊടുവള്ളി, ഓമശ്ശേരി-കോടഞ്ചരി എന്നീ റോഡുകളൊക്കെ തന്നെ അക്കാലത്ത് മണ്റോഡുകളായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള കാലത്ത്, ഓമശ്ശേരി-കോടഞ്ചരി റോഡും ടാര്‍ റോഡാക്കി മാറ്റി. 1980-ല്‍ ഓമശ്ശേരി നിവാസികളുടെ ചിരകാല അഭിലാഷമായിരുന്ന ബസ്സ്റ്റാന്റ് നിര്‍മ്മിക്കപ്പെട്ടു.
സാംസ്കാരികചരിത്രം
തനതായ ഒരു സാംസ്കാരിക പാരമ്പര്യം ഈ പ്രദേശത്തിനുണ്ടായിരുന്നില്ല എന്നു കാണാം. 1940-കള്‍ക്കു മുമ്പ് ഹിന്ദു-മുസ്ളീം മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമായിരുന്നു ഇവിടുത്തെ പ്രധാന നിവാസികള്‍. പ്രധാന മതങ്ങളുടെ ജാതികളും ഉപജാതികളും ഉണ്ടായിരുന്നുവെങ്കിലും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ആരും തന്നെ ഈ പഞ്ചായത്തിലില്ല. 1940-കളോടെ ആരംഭിച്ച ക്രിസ്തീയ കുടിയേറ്റം ഈനാടിന്റെ സാംസ്കാരിക-വിദ്യാഭ്യാസരംഗത്ത് ഒരു പുത്തനുണര്‍വ്വ് സൃഷ്ടിക്കുകയുണ്ടായി. മലയോര പ്രദേശങ്ങളില്‍ (കൂടത്തായി, വേനപ്പാറ) തിരുവിതാംകൂറിന്റെ സംസ്ക്കാരം പൊന്നു വിളയിച്ചപ്പോള്‍ ഇന്നാട്ടിലെ ഹൈന്ദവ-മുസ്ളീം-ക്രൈസ്തവ സഹോദരര്‍ ഒരു പുത്തന്‍ വികസന സമവാക്യത്തിന് രൂപം നല്‍കുകയായിരുന്നു. ഇന്ന് ജാതിമതഭേദമെന്യേ ദുഃഖസന്തോഷങ്ങളില് പങ്കു ചേര്‍ന്ന് ഇവര്‍ ജീവിക്കുന്നു. പ്രാചീന ആചാരാനുഷ്ഠാന കലാരൂപങ്ങള്‍ പലതും അന്യംനിന്നു പോയിട്ടുണ്ടെങ്കിലും ഇന്നും അവ അഭിമാനപൂര്‍വ്വം സംരക്ഷിച്ചുപോരുന്ന പഴമക്കാര്‍ ഇവിടെയുണ്ട്. തെയ്യം, തിറ, ദഫ്മുട്ട്, കോല്‍ക്കളി, തുടികൊട്ട്, വില്ലടിച്ചാംപാട്ട്, നാഗപാട്ട്, അയ്യപ്പന്‍വിളക്ക്, പാലുംവെള്ളരി, വെരിക്കാള, വെള്ളാട്ട്, പൊടിയരി, ആണൂട്ട് എന്നിങ്ങനെയുള്ള ആചാരനുഷ്ഠാനങ്ങളും കലാരൂപങ്ങളും ഇവിടെ നിലനിന്നിരുന്നു. ഇവിടെ നിരവധി സാംസ്ക്കാരിക സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സാംസ്കാരിക നവോത്ഥാനത്തിന് ഇവിടെയുള്ള ഗ്രന്ഥശാലകളും വായനശാലകളും വഹിച്ച പങ്ക് നിസ്തുലമാണ്. ഈ പ്രദേശത്തെ വെറും സാധാരണക്കാരായിരുന്ന ജനങ്ങളെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരുന്നതിനു ചെറുതും വലുതുമായ ഈ സംഘങ്ങള്‍ മഹത്തായ സേവനം തന്നെ ചെയ്തിട്ടുണ്ട്. 1957-ല്‍ മങ്ങാട് ആരംഭിച്ച കൈരളി വായനശാലയാണ് ഇവിടുത്തെ ഗ്രന്ഥശാലാ രംഗത്ത് സ്ഥാപിതമായ ആദ്യപ്രസ്ഥാനം.